---
title: "'ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും', ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയതായി മന്ത്രി കെ.മുരളീധരൻ"
english_title: "Kerala Food Safety Department Intensifies Onam Checks, 5016 Inspections Conducted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378813/ kerala-food-safety-onam-inspection-muraleedharan"
published_at: "2026-08-16T17:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81aafe5d0b9_kerala-food-safety-onam-inspection-muraleedharan.jpg"
keywords: ["Food Safety", "Onam", "K Muraleedharan", "Inspection"]
---

# 'ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും', ഭക്ഷ്യസുരക്ഷാ പരിശോധന ഊർജ്ജിതമാക്കിയതായി മന്ത്രി കെ.മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം പരിശോധന വ്യാപകമാക്കിയത്.

## Article Content

തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 27 മുതൽ ആരംഭിച്ച ഓണം സ്ക്വാഡിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം പരിശോധന വ്യാപകമാക്കിയത്.

മന്ത്രിയുടെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ആകെ 5016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി.

390 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും നൽകിയിട്ടുണ്ട്. കൂടാതെ 623 ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സർവേലൻസ് സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു.

ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശോധനയിൽ പ്രത്യേക പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവയുടെ ലേബൽ വിവരങ്ങൾ, നിർമാണ- കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം, നിയമാനുസൃത ലേബലിംഗ് തുടങ്ങിയവ പരിശോധിക്കുന്നുണ്ട്.

ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

പ്രത്യേകിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന ഭക്ഷ്യസംരംഭങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില നിയന്ത്രണം, സുരക്ഷിതമായ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, ഭക്ഷണത്തിന്റെ ശരിയായ ലേബലിംഗ് എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ നൽകുന്നതെന്ന് വകുപ്പ് അറിയിച്ചു.

അതോടൊപ്പം, ഓൺലൈൻ പർച്ചേസിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കും. ഇവിടെ സൂക്ഷിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യങ്ങൾ, കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ലേബലിംഗ്, ബാച്ച് വിവരങ്ങൾ എന്നിവ പ്രത്യേകം പരിശോധിക്കുന്നുണ്ട്.

> ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി "ഈറ്റ് റൈറ്റ് കേരളം – സേഫ് ഓണം" പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ് സ്ഥാപനങ്ങൾ നടത്തുന്നവർ, ബേക്കറി ഉടമകൾ, മറ്റ് ഭക്ഷ്യ സംരംഭകർ എന്നിവർക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

ഭക്ഷണം തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പാലിക്കേണ്ട ഭക്ഷ്യ സുരക്ഷ ശുചിത്വ മാനദണ്ഡങ്ങളെ കുറിച്ച് മുൻകരുതൽ നടപടിയായി പരിശീലനവും ബോധവത്കരണവും നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമായി തുടരാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

**English Summary:**

> Health and Devaswom Minister K. Muraleedharan announced that Kerala's Food Safety Department has intensified inspections for Onam to ensure safe food. Since July 27, 5016 inspections were conducted across the state as part of the "Onam Squad". 705 notices were issued for violations, and penalty recommendations were given to 390 establishments. 623 statutory and 1899 surveillance samples were collected. Special focus is on papadam, jaggery, coconut oil, and ghee. Inspections cover hotels, cloud kitchens, and online food delivery platforms. Under "Eat Right Kerala – Safe Onam", training was also provided to food business operators in all 14 districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378813/ kerala-food-safety-onam-inspection-muraleedharan)